---
title: "കിനാലൂരിൽ എയിംസിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു"
english_title: "A social impact study report on acquisition of land for AIIMS at Kinalur has been published."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74587/A social impact study report on acquisition of land for AIIMS at Kinalur has been published."
published_at: "2022-10-15T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a6b233c3dd_kinalur.jpg"
keywords: []
---

# കിനാലൂരിൽ എയിംസിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു

> **Lead Summary:** ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ കിനാലൂരിൽ എയിംസിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

## Article Content

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ കിനാലൂരിൽ എയിംസിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

സംസ്ഥാന വ്യവസായ വകുപ്പിന്റെ കൈവശമുള്ള 153 ഏക്കർ ഭൂമിയും കിനാലൂർ, കാന്തലാട് വില്ലേജുകളിൽനിന്നായി 40.68 ഹെക്ടർ സ്വകാര്യഭൂമിയുമാണ് എയിംസിനായി ഏറ്റെടുക്കാൻ തീരുമാനിച്ചത്.

കെ.എസ്.ഐ.ഡി.സി.യുടെ കൈവശമുണ്ടായിരുന്ന 153 ഏക്കർ ഭൂമി സംസ്ഥാനസർക്കാർ നേരത്തേ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു.

കെ.എസ്.ഐ.ഡി.സി. 300 ഏക്കർ ഭൂമിയാണ് മുമ്പ്‌ വ്യവസായ കേന്ദ്രത്തിനുവേണ്ടി ഏറ്റെടുത്തിരുന്നത്. ഇതിൽ ചെറുകിട വ്യവസായ യൂണിറ്റുകൾ, ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റ്സ്, ബാലുശ്ശേരി സർക്കാർ കോളേജ്, കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ എന്നിവയ്ക്ക് അനുവദിച്ച ഭൂമി ഒഴികെയുള്ളതാണ് എയിംസിനുവേണ്ടി നൽകാൻ തീരുമാനിച്ചത്.

കിനാലൂർ, കാന്തലാട് വില്ലേജുകളിലായി 34 സർവേ നമ്പറുകളിലാണ് ഏറ്റെടുക്കേണ്ട സ്ഥലങ്ങളുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോൾ 175 കുടുംബങ്ങളെയും അവരുടെ ആശ്രിതരെയും ബാധിക്കും.

ഈ കുടുംബങ്ങൾക്ക് മതിയായ പ്രതിഫലവും പുനരധിവാസവും നൽകുന്നതിലൂടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

വിവിധ സ്ഥലങ്ങളിലായി ഏഴ് കെട്ടിടങ്ങളും 96 കുടിവെള്ള കിണറുകളും കുടിവെള്ള വിതരണത്തിനായുള്ള മൂന്ന് പൈപ്പ് ലൈനും മൂന്ന് കുളങ്ങളും കാറ്റാടി പുഴയും ഏറ്റെടുക്കേണ്ട ഭൂമിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മലയോര മേഖലയായതിനാൽ ആവാസ വ്യവസ്ഥയെ ബാധിക്കാത്ത വിധം നിർമാണ പ്രവർനങ്ങൾ നടത്തണമെന്നും പുഴ മലിനമാകാതെ പരിപാലിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുജനങ്ങൾക്കും സർക്കാരിനും ഗുണം ലഭിക്കുന്ന പദ്ധതിയായതിനാൽ എയിംസ് വരുന്നതിലൂടെ കിനാലൂർ മേഖലയ്ക്കും കാര്യമായ നേട്ടങ്ങൾ ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പൊതുചർച്ച  ഈ മാസം 29-ന് നടക്കും. കണ്ണൂർ ഇരിട്ടി ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജാണ് സാമൂഹികാഘാത പഠനം നടത്തിയത്.

എയിംസിനുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഭൂരിഭാഗവും സർക്കാരിന്റെ കൈവശമുള്ളതും ഏറ്റെടുക്കേണ്ട സ്വകാര്യഭൂമിയുടെ കൈവശക്കാർ പദ്ധതിക്ക് അനുകൂലമായതും രൂക്ഷമായ ആഘാതം ഇല്ലാത്തതും കിനാലൂരാണ് എയിംസിന് യോജിച്ച സ്ഥലമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

എയിംസ് സ്ഥാപിക്കുന്നതിനുവേണ്ടി കണ്ടെത്തിയ ഭൂമിയിൽ ഏറെയും മലനിരകളായതിനാൽ മലമേഖലയ്ക്ക് ദോഷംവരാത്ത തരത്തിലുള്ള തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളാണ് നടക്കേണ്ടതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട് ഒറ്റനോട്ടത്തിൽ അനുകൂലമാണെങ്കിലും കൂടുതൽ പഠിച്ചാൽ മാത്രമേ പ്രതികരിക്കാൻ കഴിയുകയുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74587/A social impact study report on acquisition of land for AIIMS at Kinalur has been published.)